ഉള്ളിലെരിയുന്ന ഗുല്‍മോഹറുകള്‍

എന്‍റെ സ്വപ്നങ്ങളെ മറികടന്ന്…
ആളിപ്പടരുന്ന അഗ്നി…
അതിന്‍റെ ഉരുക്കാന്‍ പോന്ന ചൂട്..
എന്‍റെ മനസുപോലെ…

നിന്‍റെ നിശ്വാസങ്ങള്‍ക്കപ്പുറം…
കനത്ത മേഘം പുകയുന്നുണ്ട്,,,
മെല്ലെ വീശുന്ന കാറ്റില്‍..
ജ്വലിച്ചുയരുന്ന തീജ്വാലകള്‍…

ആകാശത്തിന്‍റെ നിറുകയില്‍..
കടുത്തകുങ്കുമവര്‍ണം ചാര്‍ത്തേ…
മണ്ണിന്‍റെ വിങ്ങിക്കരച്ചില്‍…
തീ നാളങ്ങള്‍ തുടുപ്പിച്ച മുഖം…

കത്തിയാളുന്ന അഗ്നിയില്‍…
ഒന്നു ഞാന്‍ കണ്ടു, നിരയായ്‌…
ഇറുങ്ങേ പൂത്തു നില്‍ക്കുന്ന…
രക്ത പങ്കിലമായ ഗുല്‍മോഹറുകള്‍….

ചിലമ്പിലലിഞ്ഞ ഓര്‍മ്മകള്‍

 

നിലാവില്‍ക്കുളിച്ച ഈറന്‍കാറ്റില്‍…
ഉറങ്ങുന്ന ഒരു കവിത..
ദൂരെക്കാണുന്ന മരക്കൂട്ടങ്ങള്‍..
മൂളുന്ന മനോഹരഈണം…
പുഴവക്കത്തെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍..
ഒളിപ്പിച്ച ഒരു കൊച്ചു പ്രണയം…
പകലിലും പരന്നൊഴുകുന്ന നിശാഗന്ധിയുടെ…
ഹൃദ്യമായ ഗന്ധം…

ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടും…
വിശ്വസിക്കാതെ നീ ചിരിച്ചു തള്ളി….
അവയൊക്കെ സത്യമെന്ന്…
നിന്നെ ബോധ്യപ്പെടുത്താന്‍…
എനിക്കെന്‍റെ കാലുകളില്‍…
ചിലമ്പുന്ന ചങ്ങലയണിയേണ്ടി വന്നു…
ഓര്‍മ്മകള്‍ക്കും ശബ്ദങ്ങള്‍ക്കുമിടയില്‍…
പൂമ്പൊടിപോലെ നിറത്തരികളായി….
ഉള്ളു തിരയുന്ന പേരുകളും….
കേള്‍ക്കാന്‍ കഴിയാതെപോയ ആ പാട്ടും….
അസുന്ദരമായ ഞാനെന്ന കവിത…..

എന്‍റെ നീ…..

 

എന്‍റെ ജാലകത്തിനപ്പുറം….
ആകാശകാഴ്ചകളുടെ
നിശ്ചല ദൃശ്യം….
ചിരിയുതിര്‍ത്തി….
വൈകിയെത്തുന്ന….

പ്രിയ ചന്ദ്രന്‍…
ജനലഴികളില്‍…
മുഖം ചേര്‍ത്ത്…
നോക്കിനില്‍ക്കെ…
ജാലകങ്ങളെ മൂടിയ…
ചില്ലുകളിലൂടെ…
അവന്‍ഒഴുകി മാറുന്നു…
നക്ഷത്രങ്ങളുടെ കടലില്‍….
മറഞ്ഞു പോകുമ്പോഴും…
സൂക്ഷിക്കുന്ന അകലം..
മനസിലെടുത്ത ചിത്രങ്ങളെല്ലാം….
മങ്ങിത്തുടങ്ങിയിരിക്കുന്നു….
വീഴും നിഴലുകളില്‍നിന്നും…
നിലാവിന്‍ കൈ തട്ടിമാറ്റി….
നീ വഴുതി മാറുന്നു…….
ഈ ജാലകപ്പടിയില്‍
വീണ്ടും മടങ്ങിയെത്താന്‍…..

വിരഹം

 

വാടി…
ചെടിയില്‍നിന്നടര്‍ന്ന…
ഒരു പൂവ്…
താഴേക്കു പതിക്കെ…
നിറമിഴിയോടെ….
തിരിഞ്ഞു നോക്കിയിട്ടും…
ഇങ്ങോട്ടു പോരൂയെന്നു…
ചെടി തിരികെ വിളിച്ചില്ല….

എന്‍റെ ഒരു പ്രഭാതം

 

പാറി നടക്കുന്ന….
മഞ്ഞിന്‍ കണങ്ങള്‍…
താഴ്വാരങ്ങളില്‍….
ചിത്രങ്ങള്‍ വരഞ്ഞ്….
മായ്ച്ചുകൊണ്ടേയിരിക്കുന്നു………

ഞാന്‍ സൂക്ഷിക്കുന്നത്

 

മിന്നല്‍പ്പിണരിന്‍റെ….
ഒറ്റക്കമ്പിയിലൂടെ…
മനസ്സുണര്‍ത്തുന്ന…
രാത്രിയുടെ പാട്ട്…
പറിച്ചുമാറ്റാന്‍…
പറ്റാത്തത്രയും ആഴത്തിലേക്ക്…
വേരുകളിറങ്ങിപ്പോയ….
ഒരു പിടി മണ്ണ്…

ഹൃദയത്തിനുള്ളില്‍…
കാത്തുവച്ചിരിക്കുന്ന….
പച്ചനിറമുള്ള..
മോഹിപ്പിക്കുന്ന ഒരു സ്വപ്നം…
ഹൃദയത്തിനുള്ളില്‍…
നഷ്ടപ്പെട്ടിട്ടില്ലാത്ത…
സ്നേഹാതിര്‍ത്തികള്‍…
മുറിവേറ്റ ചിന്തകളിലേക്ക്…
ചിതറി വീഴുന്ന ഉപ്പുതരികള്‍..
പകരുന്ന നീറ്റല്‍…
മറവിയിലേക്ക് മടങ്ങിയ…
ഏതോ ഒരു വേനലിലേക്ക്…
ചേര്‍ത്തു വച്ച ഹൃദയം….
ഒരിക്കല്‍ക്കൂടി പറയാന്‍…
ഉറവ വറ്റിപ്പോയ…
വാക്കുകളുടെ കൂമ്പാരം….

നിന്‍റെ ഓര്‍മ്മ

 

ഈ ഇരുണ്ട…
ഇടനാഴിയില്‍….
രാവിതേറെക്കടന്നു…
പ്രിയ മൗനമേ….
ഈ മഞ്ഞുദൂളികള്‍….
മേല്ലേപ്പരക്കെ…

ഒരു കൊച്ചുസ്വപ്നം..
എനിക്കായ് നല്‍കി…
ഇനിയുമീ രാവില്‍…
നീ.. വീണ്ടുമെന്നെ…
തനിച്ചാക്കി പോകെ…
നിലാവസ്തമിക്കുംമുന്‍പേ..
ഒരു പുഞ്ചിരി കടംവച്ചു…
മെല്ലെ മയങ്ങട്ടെ ഞാന്‍……

ഒരു യാത്ര… നീയില്ലാതെ

 

നീ ഇനി…
ആകാശത്തു
തിളങ്ങി നില്‍ക്കുന്ന…
എന്‍റെ നക്ഷത്രം…
നിന്‍റെ ഓര്‍മ്മകള്‍…
പുലര്‍കാലങ്ങളില്‍…
നനുത്ത മഞ്ഞായി…

എന്നെ പൊതിയെ…
കാറ്റിന്‍റെ ചിറകിലേറി…
നിന്‍റെ…അല്ല നമ്മുടെ…
സ്വപ്നങ്ങളിലേക്കൊരു….
മടക്കയാത്ര….
പൂത്തുലഞ്ഞ കാടിന്‍റെ…
വന്യതയിലേക്ക്…
നിന്‍റെ തുണയില്ലാതെ…
എന്‍റെ ആദ്യയാത്ര…
കൂട്ടിനായ് നിന്‍റെ …
മരിക്കാത്ത ഓര്‍മ്മകളും……

കടലോളം പ്രണയം

 

ഇനി ഋതുക്കളുടെ ഓര്‍മ്മപ്പെടുത്തലുകളില്ല…
പൂക്കളുടെ നിറഭേദങ്ങളില്ല…
പുഴകളുടെ കളകളാരവങ്ങളില്ല…
നിറഞ്ഞ സന്ധ്യകളും മേഘങ്ങളുമില്ല….
നക്ഷത്രങ്ങളുടെ നുറുങ്ങുവെട്ടമില്ല…
മരങ്ങളും പുല്‍ച്ചെടികളും നിശ്ചലമാകുന്നു…
കാലസൂചികയുടെ അതിരുകള്‍ ഭേദിച്ചു…

പറക്കാനവകാശമില്ലാത്ത പക്ഷികള്‍…
കൂടുകള്‍ തുറന്നു സ്വതന്ത്രരായി…
വസന്തത്തിന്‍റെ നുറുങ്ങുകളും…
ഓര്‍മ്മകളിലെ സ്വപ്നങ്ങളും…
പോയ്‌മറഞ്ഞു ശൂന്യമായിക്കഴിഞ്ഞു…
തിരിച്ചെത്താനിടയില്ലാത്ത ഒരു കൂട്ടം…
തകര്‍ന്നടിച്ചിലുകളുടെ കൂമ്പാരങ്ങളില്‍ നിന്നും..
ഉയര്‍ന്നു പൊന്തുന്ന ചിറകുകളോ…
ഒഴുകിപ്പരക്കുന്ന മിഴികളില്‍ നിന്നും…
പുഞ്ചിരിയുടെ ഒരു നീര്‍ത്തുള്ളിയോ…
നമുക്കിടയിലെ മൗനങ്ങളിലേക്കുതിര്‍ന്നേക്കാം…
അപ്പോള്‍ ഒന്നിച്ചൊരു മഴയായ് പെയ്ത്…
പുഴയില്‍ കരകവിഞ്ഞൊഴുകെ …വീണ്ടും…
നമ്മെ കാത്തിരിക്കുന്ന കടലോളം പ്രണയം….

നിറങ്ങള്‍

 

എന്‍റെ…
ഓര്‍മ്മയുടെ പച്ചയില്‍…
ഗുല്‍മോഹറിന്‍റെ
ചോര പൊടിയും ചുവപ്പ്….
വെളുപ്പിന്‍റെ…
കറുപ്പിലലിഞ്ഞ
കാര്‍ബണില്‍ പകര്‍ത്തിയ….
കവിതയക്ഷരങ്ങള്‍…

നീലയില്‍ക്കുതിര്‍ന്ന…
ആകാശത്തില്‍…
മിന്നലിന്‍റെ…
മഞ്ഞള്‍ വര…
സൂര്യകിരണം…
നിറുകയില്‍ ചാര്‍ത്തിയ…
സിന്ദൂരത്തിന്‍റെ…
ഏതോ ഒരു നിറം….
ചാറ്റമഴയുടെ…
നിറമില്ലാത്ത നൂലുകള്‍…
വര്‍ണങ്ങളില്‍നിന്നും…
വര്‍ണങ്ങളിലേക്ക്…
ഉതിര്‍ന്നു മായുന്നു…
ഈ നോവ്‌…..